ഭുവനേശ്വര്‍: ചന്ദ്രയാന്‍ 2-ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവിയുടെ സ്ഥിരീകരണം. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഓര്‍ബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.എസ്.ആര്‍.ഒ. മേധാവി കെ.ശിവന്‍ ഭുവനേശ്വറില്‍ പറഞ്ഞു. 

ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും നേരത്തെ നിശ്ചയിച്ചതുപ്രകാരം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചാന്ദ്രയാന്‍ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിനാണെന്നും ഐ.എസ്.ആര്‍.ഒ. മേധാവി വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

സെപ്റ്റംബര്‍ ഏഴിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ചന്ദ്രയാന്‍ 2-ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായി ആശയവിനിമയം നഷ്ടമായത്. റഫ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ചന്ദ്രനിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെ എത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍ അവസാനനിമിഷം മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. 

Content Highlights: chandrayaan 2; isro chief k sivan says that they cant able to establish communication with lander, and added that next priority for gaganyan