ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.ശിവന്‍. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്താന്‍ ദേശീയതലത്തിലുള്ള സമിതി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഓര്‍ബിറ്ററിലെ എല്ലാ ശാസ്ത്രപരീക്ഷണ ഉപകരണങ്ങളുടെയും(പേലോഡ്‌സ്) പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. അത് നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വ്യക്തമാക്കി. 

ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്ററില്‍ എട്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കും. 

ചന്ദ്രോപരിതലത്തിന്റെ ത്രീഡി മാപ്പുകള്‍ തയ്യാറാക്കാനായി മാപ്പിങ് നടത്തുക,മഗ്നീഷ്യം,അലുമിനിയം,സിലിക്കണ്‍,കാത്സ്യം,ടൈറ്റാനിയം,ഇരുമ്പ്,സോഡിയം തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തല്‍, ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ വെള്ളത്തിന്റെ അളവ് കണക്കാക്കല്‍ തുടങ്ങിയവയാണ് ഈ പേലോഡുകളുടെ കര്‍ത്തവ്യം. 

Content Highlights: chandrayaan 2 isro chief k sivan says orbiter is performing well and payloads experiments starts, a national level committee analysing vikram lander issue