ശ്രീഹരിക്കോട്ട: രാജ്യം ഏറെ കാത്തിരുന്ന ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെ 6:51-നാണ് ചന്ദ്രയാന്‍ 2-ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനായിരുന്നു ശ്രമം. ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ച് വേഗം നിയന്ത്രിക്കാനായിരുന്നു പദ്ധതി.

 Content Highlights: chandrayaan 2 countdown stopped