ചരിത്രം കുറിക്കാനുള്ള ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയിലൂടെ മറികടന്നാണ് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ച് അനിശ്ചിതത്വത്തിലായത്. ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുന്‍പ് 2.1 കിലോമീറ്റര്‍ മുകളില്‍വെച്ച് ലാന്‍ഡറില്‍നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെടുമ്പോള്‍ രാജ്യമാകെ നിരാശപടര്‍ന്നു.

ശനിയാഴ്ച പുലര്‍ച്ചെ രാജ്യം മുഴുവന്‍ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ മുഴുവന്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ.(ഇസ്റോ) കേന്ദ്രത്തിലായിരുന്നു. ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്റോ കേന്ദ്രത്തിലെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 60 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും കൂടെയുണ്ടായിരുന്നു. കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അഹമ്മദ് തന്‍വീര്‍, തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ പത്താംക്ലാസുകാരി ശിവാനി എസ്. പ്രഭു, കോയമ്പത്തൂര്‍ യുവഭാരതി പബ്ലിക് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി റിയ രാജേഷ് എന്നിവരാണ് കാണാനെത്തിയ മലയാളി വിദ്യാര്‍ഥികള്‍.

ഏറെ തയ്യാറെടുപ്പുകള്‍ക്കുശേഷം പുലര്‍ച്ചെ 1.38-നു തന്നെ ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണമാരംഭിച്ചു. ഇസ്റോ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ തുടങ്ങി എല്ലാവരും ആകാംക്ഷയോടെ വിജയനിമിഷത്തിനായി കാത്തിരുന്നു. ലാന്‍ഡറിന്റെ വേഗംകുറച്ച് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്താനുള്ള ആദ്യ ഘട്ടം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഓരോ ഘട്ടത്തിലുമുള്ള ശാസ്ത്രജ്ഞരുടെ അനൗണ്‍സ്മെന്റുകള്‍ കേന്ദ്രത്തിലുള്ളവര്‍ കൈയടികളോടെയാണു സ്വീകരിച്ചത്. കണ്‍ട്രോള്‍ റൂമിലുള്ള പ്രധാനമന്ത്രിക്ക് ശാസ്ത്രജ്ഞര്‍ മാറിമാറി ഓരോ ഘട്ടവും വിശദീകരിച്ചുകൊടുത്തു.

അവസാന നിമിഷത്തിനു തൊട്ടുമുന്‍പ് ലാന്‍ഡറിന്റെ നിശ്ചിത പാതയില്‍നിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പടര്‍ന്നു. പലരും കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ തലകുമ്പിട്ടിരുന്നു. അപ്പോള്‍ത്തന്നെ, ദൗത്യം വിജയകരമായില്ലെന്ന തോന്നല്‍ എല്ലാവരിലും പടര്‍ന്നു. ഏവര്‍ക്കും നിരാശ സമ്മാനിച്ച് വൈകാതെ ഇസ്റോ ചെയര്‍മാന്റെ വിശദീകരണമെത്തി. സിഗ്‌നല്‍ നഷ്ടമായെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നുമുള്ള അറിയിപ്പ് വിജയത്തിലേക്കുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നുള്ള സൂചനയായിരുന്നു.

content highlights: chandrayaan 2