ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അഞ്ച് കിലോമീറ്ററോളം നടന്നാണ് അദ്ദേഹം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഹാഥ്‌റസില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ആസാദിനെ വീണ്ടും തടഞ്ഞ പോലീസ് അദ്ദേഹത്തിനൊപ്പമുള്ള എല്ലാവര്‍ക്കും ഗ്രാമത്തിലേക്ക് പോകാന്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ചു. വന്‍ പ്രതിഷേധം നടത്തിയതിനുശേഷമാണ് അദ്ദേഹം യാത്രതുടര്‍ന്നത്. 

കങ്കണ റണാവത്തിനുപോലും വൈ കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റാരോപിതരെ പിന്തുണച്ചുകൊണ്ട് യോഗങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കേണ്ടതാണ്. 

സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് നാമെല്ലാം കണ്ടതാണ്. നിലവിലെ നേതൃത്വം പലരെയും ഭയപ്പെടുത്താന്‍ മാത്രമാണ് സിബിഐയെ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം അനുയായികള്‍ക്കൊപ്പം ഹാഥ്‌റസിലേക്ക് പോകുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ തന്റെയൊപ്പം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല.

Content Highlights: Chandrasekhar Azad stopped twice; meets Hathras victim's family