അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോട് വെല്ലുവിളി നടത്തി ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നാണ് നായിഡുവിന്റെ വെല്ലുവിളി.
അമരാവതിയെ തലസ്ഥാനമാക്കി പിന്തുണച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അമരാവതിയില്‍ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു. 'മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് നമുക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താം. ജനങ്ങള്‍ ഇതിനെ പിന്തുണച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും.' അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്ക മാതൃകയില്‍ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ആശയം ഒരു വര്‍ഷം മുമ്പാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അവതരിപ്പിച്ചത്. തുടര്‍ന്ന് വിശാഖപട്ടണത്തെ ഭരണനിര്‍വ്വഹണ തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ തലസ്ഥാനമായും ജഗന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമരാവതിയെ നിയമസഭാ തലസ്ഥാനമായി നിലനിര്‍ത്തുകയും ചെയ്തു.
അമരാവതി നഗരത്തിന്റെ വികസനത്തിനായി 33,000 ഏക്കറിലധികം ഫലഭൂയിഷ്ഠമായ ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ സംസ്ഥാന തലസ്ഥാനം മാറ്റുന്നതിനെ എതിര്‍ത്ത് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇക്കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ഒരു വര്‍ഷമായി കര്‍ഷകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ അമരാവതിയെ സംസ്ഥാന തലസ്ഥാനമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രക്ഷോഭത്തിന് പിന്തുയണര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം റാലിയില്‍ പങ്കെടുത്തു.
Content Highlights: Chandrababu Naidu to Jaganmohan Reddy: Will quit politics if people support 3-capital plan