ന്യൂഡല്‍ഹി: ടി.ഡി.പി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ ഐക്യം ശക്തപ്പെടുത്തണമെന്നും ചന്ദ്രബാബു നായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാക്കളായ ശരത് പവര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നായിഡുവിന്റെ പ്രതികരണം.

ഈ ആഴ്ചയില്‍ ചന്ദ്രബാബു നായിഡുവിന്റെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണിത്. നേരത്തെ അരവിന്ദ് കെജ്രിവാള്‍, മായാവതി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായും തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ചര്‍ച്ചയില്‍  ധാരണകള്‍ ഉണ്ടായതായാണ് വിവരം. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചന്ദ്രബാബു നായിഡു എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചത്. ഇപ്പോള്‍ ബി.ജെ.പിയ്ക്ക് എതിരായ വിശാല പ്രതിപക്ഷ ഐക്യം തീര്‍ക്കാനാണ് നായിഡുവിന്റെ നീക്കം.

content highlights: Chandrababu Naidu to meet Rahul Gandhi on Thursday