അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നനായി മൂന്ന് വയസ് പ്രായമുള്ള അദ്ദേഹത്തിന്റെ കൊച്ചുമകന് ദേവാന്‍ഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തിലുള്ളവരുടെ ആസ്തികളില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായ വളര്‍ച്ചയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബ സ്വത്ത് 69.23 കോടി രൂപയില്‍നിന്ന് 81.83 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 18.18 ശതമാനം വളര്‍ച്ചയില്‍ ചന്ദ്രബാബു നായിഡുവിന്റെ സമ്പാദ്യം 2.53 കോടിയില്‍നിന്ന് 2.99 കോടി രൂപയായി ഉയര്‍ന്നു. അതേസമയം കൊച്ചുമകന് ദേവാന്‍ഷിന്റെ പേരില്‍ 18.71 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 11.54കോടി രൂപയായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നായിഡുവിന്റെ മകനും ആന്ധ്രയുടെ ഐടി, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രിയുമായ നര ലോകേഷ് ആണ് സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകേഷിന്റെ പേരില്‍ 21.40 കോടി രൂപയുടെ സ്വത്തുക്കളും നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ പേരില്‍ 31.01 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇവ യഥാക്രമം 15.21 കോടി. 25.41 കോടി എന്നിങ്ങനെയായിരുന്നു.
അതേസമയം ലോകേഷിന്റെ ഭാര്യ ബ്രാഹ്മണിയുടെ പേരില്‍ നേരത്തെ 15.01 കോടിയുടെ സ്വത്തുക്കളുണ്ടായിരുന്നത് 7.72 കോടിയായി കുറഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി നായിഡുവിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടുന്നുണ്ട്.
Content Highlights: Chandrababu Naidu Declares Assets, Three Year-Old Grandson Six Times Richer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..