ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മൂന്നാം തരംഗം വരാമെന്നത് യാഥാര്‍ഥ്യമാണെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് പ്രാര്‍ഥനയെന്നും ഒരു പക്ഷെ അത്തരമൊരു സാഹചര്യമുണ്ടായാല്‍ സംസ്ഥാനം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ഒമ്പത് ആശുപത്രികളിലായി സ്ഥാപിച്ച 22 പുതിയ ഓക്‌സിജന്‍ പ്ലാന്റുകളുടെ വെര്‍ച്വല്‍ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ കരുത്തു പകരുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. 

ഡല്‍ഹിയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നു നിന്നാണ് രണ്ടാം തരംഗത്തിനെതിരെ പൊരുതിയതെന്നും പ്രതിസന്ധിമധ്യത്തിലും അച്ചടത്തോടെയും സമചിത്തതയോടെയും വ്യാപനത്തെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചതായും കെജ്‍രിവാള്‍ പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ഒപ്പം നിന്ന വ്യാവസായിക മേഖലയ്ക്ക് അദ്ദേഹം പ്രത്യേക നന്ദിയറിയിച്ചു. മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാന്‍ കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം 37,000 വരെയാകാമെന്ന മുന്നറിയിപ്പ് മുന്‍നിര്‍ത്തി കൂടുല്‍ ഒരുക്കങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുട്ടികളെ കൂടുതല്‍ ബാധിക്കാനിടയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ച് കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷാപദ്ധതിയും കെജ്‍രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

 

 

Content Highlights: Chances of third wave of COVID hitting us are quite real, Delhi preparing on war-footing Kejriwal