ഭോപ്പാല്‍: റോബിന്‍ഹുഡ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ചമ്പല്‍ കൊള്ളത്തലവന്‍ മോഹര്‍ സിങ്ങിന് തൊണ്ണൂറ്റി മൂന്നാം വയസില്‍ അന്ത്യം. മധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഹര്‍ സിങ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു മരണം. 

കൊമ്പന്‍ മീശയും തുളഞ്ഞുകയറുന്ന നോട്ടവുമായി ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരനായിരുന്നു മോഹര്‍ സിങ്. 1970-കളില്‍ മോഹര്‍ സിങ്ങിനെ പിടികൂടുന്നതിനായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1972-ല്‍ 140 പേരടങ്ങുന്ന സംഘവുമായി മോഹര്‍ സിങ് കീഴടങ്ങി. ശിക്ഷാകാലയളവില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി. 

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ഗുരുതരകൃത്യങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം കുറ്റങ്ങള്‍ മോഹര്‍സിങ്ങിന്റെ പേരിലുണ്ടായിരുന്നു. ജയിലില്‍നിന്ന് മടങ്ങിയെത്തിയ ശേഷം കുടുംബത്തോടൊപ്പം ഗ്രാമത്തിലായിരുന്നു താമസം. 1982-ല്‍ പുറത്തിറങ്ങിയ ചമ്പല്‍ കെ ഡാക്കു എന്ന ബോളിവുഡ്  ചിത്രത്തിലും മോഹര്‍ സിങ് അഭിനയിച്ചു. യഥാര്‍ഥ കൊള്ളക്കാര്‍ ആദ്യമായി വെള്ളിത്തിരയില്‍ എന്നായിരുന്നു ആ സിനിമയുടെ പരസ്യവാചകം. 

വിവാഹങ്ങള്‍ക്കായി ധനസസഹായം ചെയ്യുക, ആവശ്യക്കാര്‍ക്ക് രഹസ്യമായി പണമെത്തിക്കുക എന്നീ സത്ക്കര്‍മങ്ങളിലൂടെയാണ് ചമ്പലിനെ വിറപ്പിച്ച മോഹര്‍ സിങ്ങിന് റോബിന്‍ ഹുഡ് എന്ന അപരനാമം ലഭിച്ചത്. 

Content Highlights: Chambal’s Robin Hood dacoit Mohar Singh dies at 93