കൊല്ലപ്പെട്ട പ്രതി | Photo: https:||twitter.com|Raghuvp99
ചെന്നൈ: തമിഴ്നാടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് വെടിവെച്ചു കൊന്നു. തമിഴ്നാടിലെ ശ്രീപെരുംപുത്തൂർ ടോൾ പ്ലാസയ്ക്കരികിൽ ഞായറാഴ്ചയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് വെടിവെച്ചുകൊന്നത്.
55 വയസ്സുകാരിയായ സ്ത്രീ ടോൾ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് മുർതാസ, അക്തർ എന്നിവർ ചേർന്ന് കവർച്ച നടത്തിയത്. കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെച്ചു. തുടർന്ന് സമീപവാസികള്‍ സ്ത്രീയുടെ സഹായത്തിനെത്തി.
ഇതോടെ മുർതാസ കൈയ്യില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് പിന്തുടർന്നു. മോഷ്ടാക്കള്‍ അടുത്തുള്ള കാട്ടില്‍ ഒളിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ മുന്നൂറിലേറെ പോലീസുകാർ കാട് വളയുകയും ഡ്രോൺ ഉപയോഗിച്ച് ഇവർ നിൽക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മുർതാസ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികൾ രണ്ടുപേരും ജാർഖണ്ഡ് സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..