ഹിമാചല്‍പ്രദേശ്:  നാനൂറ് കൊല്ലമായി ദീപാവലിയോടനുബന്ധിച്ച്  കൗതുകകരമായ ആചാരം അനുഷ്ഠിച്ചു വരികയാണ് ഹിമാചല്‍ പ്രദേശിലെ ധാമി ഗ്രാമവാസികള്‍. വര്‍ഷത്തിലൊരിക്കല്‍ നൂറുകണക്കിനാളുകള്‍ അവിടെയുള്ള ക്ഷേത്രത്തില്‍ ഒത്തു കൂടുകയും ദേവീപ്രീതിക്കായി രണ്ടു സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലേറു നടത്തുകയും ചെയ്യും. ദീര്‍ഘകാലമായി തുടരുന്ന ചടങ്ങ് ഇതു വരെ അപകടകരമായിട്ടില്ല. 

ധാമിയിലെ രാജകുടുംബത്തെ പ്രതിനിധീകരിച്ച് യുവതലമുറയില്‍ പെട്ടവര്‍ ചടങ്ങിനെത്തും. ധാമിയുടെ മുന്‍രാജ്ഞി ദേവീപ്രീതിയ്ക്കായി നടത്തിവന്ന മനുഷ്യബലി നിര്‍ത്തലാക്കാന്‍ ജീവത്യാഗം ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി പുറപ്പെട്ട് ആളുകള്‍ കല്ലേറു നടക്കുന്നിടത്തെത്തും. പിന്നീട് രണ്ടു സംഘങ്ങളായി പരസ്പരം കല്ലുകളെറിയും. 

നാലു നൂറ്റാണ്ടായി തുടരുന്ന ആചാരം അങ്ങനെ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്രൂരമായ ഒരു ആചാരം നിര്‍ത്തിയതിന്റെ സ്മരണയ്ക്കായി നടത്തിവരുന്നതു കൊണ്ട് ഇത് തങ്ങള്‍ക്ക് സന്തോഷം തരുന്നുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.