സുപ്രീം കോടതി. Photo: AFP
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നല്കിയ സ്യൂട്ട് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന്റെ മറുപടി വൈകും. സുപ്രീം കോടതി ജനുവരി 29ന് അയച്ച സമന്‍സിന് മറുപടി നല്കാന് 28 ദിവസത്തെ സമയമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ട് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ജനുവരി 13നാണ് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ജനുവരി 29ന് സുപ്രീം കോടതി രജിസ്ട്രാര്‍ ജുഡീഷ്യല്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്ര സര്‍ക്കാരിന് സമന്‍സ് അയക്കുകയായിരുന്നു. രണ്ട് വോളിയങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ടിന്റെ പകര്‍പ്പ്, തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറി.
ചട്ടപ്രകാരം സമന്‍സ് ലഭിച്ച് 28 ദിവസത്തിനുള്ളില്‍ മറുപടി നല്കിയാല് മതി. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടില്‍ തിടുക്കപ്പെട്ട് മറുപടി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിയമവിദഗ്ദ്ധര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ട് നിയമപരമായി നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുകൊണ്ട് കേരളത്തില്‍ പൗരത്വം നഷ്ടപെടുന്നവര്‍ ആരെന്നോ, പൗരത്വം ലഭിക്കാത്തവര്‍ ആരെന്നോ ഹര്‍ജിയില്‍ വിശദീകരികരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നല്കിയ വിവിധ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി നാലാമത്തെ ആഴ്ചയാണ് ഇനി കോടതി പരിഗണിക്കേണ്ടത്. എന്നാല്‍ ശബരിമല വിശാലബെഞ്ചിന്റെ വാദം നീണ്ടുപോകുകയാണെങ്കില്‍ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതും വൈകും. റിട്ട് ഹര്‍ജികള്‍ക്ക് ശേഷമേ സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ട് കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
content highlights: centres reply on kerala's suit against caa may delay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..