ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് - 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

സെറോ ടൈപ്പ് - 2 ഡെങ്കി കേസുകൾ രാജ്യത്ത് വർധിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നുമാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് - 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 

പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തണം. പനി സംബന്ധിച്ച ഹെൽപ് ഡെസ്കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്ത് വെക്കണം. അവശ്യമായ ലാർവിസൈഡ്സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അവലോകന യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. 

രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലാണ്. 70 ജില്ലകളിൽ ഇപ്പോഴും 5% ൽ കൂടുതലാണ് പോസിറ്റി നിരക്ക്. 34 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക്  10% കടന്നതായും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

Content Highlights: Centre Warns 11 States About Dengue Strain