ന്യൂഡല്‍ഹി:  ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എത്രപേര്‍ മരിച്ചുവെന്ന കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് ആരോഗ്യ മന്ത്രാലയം. ഓഗസ്റ്റ് 13ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് കണക്കുകള്‍ നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയില്‍ ഓക്‌സിജന്‍ കിട്ടാതെയുള്ള രോഗികളുടെ മരണ നിരക്ക് ഉയരുന്നുവെന്നത് വലിയ വിവാദമായിരുന്നു.

ഓക്‌സിജന്‍ ലഭിക്കാതെയുള്ള മരണസംഖ്യ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെടുന്നതെന്നും ഇതിന് കൃത്യമായ മറുപടി നല്‍കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് കണക്കുകള്‍ ആവശ്യപ്പെടുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം കോണ്‍ഗ്രസ് എം.പി. കെ.സി വേണുഗോപാല്‍ ഉന്നയിച്ചപ്പോള്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന ഉത്തരമാണ് ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ നല്‍കിയത്. സംസ്ഥാനങ്ങള്‍ കണക്ക് ഒന്നും നല്‍കാത്തതിനാലാണ് അത്തരമൊരു ഉത്തരം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ നിരവധിപേര്‍ മരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ടാം തരംഗം ആഞ്ഞടിച്ച വേളയില്‍ ഈ വിഷയം ഉന്നയിച്ച് ആസ്പത്രികള്‍ കോടതിയെ സമീപിച്ചിരുന്നു. മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും അതുകൊണ്ട് തന്നെ ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: centre wants states and UT to give exact number of death due to lack of oxygen, writes letter