ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ ഉറപ്പ് കോടതി അംഗീകരിച്ചു.

കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന 56 ഗര്‍ഭിണികളായ നഴ്‌സുമാരെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. ഇവരെ തിരികെയെത്തിക്കാനുള്ള നിര്‍ദേശം കേന്ദ്രത്തിന് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാ(യു.എന്‍.എ)ണ് വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കണമെന്നും യു.എന്‍.എ.യ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

കോടതി ഉത്തരവുമായി റിയാദ് എംബസിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അതേസമയം വിശദമായ ഉത്തരവ് പുറത്തെത്തിയിട്ടില്ല.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടികള്‍ നടന്നത്. നഴ്‌സുമാരില്‍ ഭൂരിഭാഗവും അവരുടെ ഗര്‍ഭകാലത്തിന്റെ മൂന്നാംപാദത്തിലാണ്. അവര്‍ക്ക് വൈദ്യ-മാനസിക-സാമൂഹിക പിന്തുണ ആവശ്യമാണ്. മേയ് 19 മുതല്‍ 23 വരെ നടക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടത്തില്‍ ഈ നഴ്‌സുമാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും യു.എന്‍.എ. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

content highlights: Centre undertakes in HC to follow SOP in repatriating pregnant women from Saudi Arabia