ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആൻഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്‌.

ചരിത്രപരമായ നീക്കം കശ്മീര്‍ താഴ്വരയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു. 

ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കു ചേരാന്‍ നേതാക്കളെ ക്ഷണിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് താരാ ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ ബൈഗ്, ബിജെപി നേതാക്കളായ നിര്‍മ്മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത. സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവരാണ് യോഗത്തിലേക്ക്‌ ക്ഷണിക്കപ്പെട്ട പ്രമുഖര്‍.