ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.  ഒക്ടോബര്‍ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിര്‍ദ്ദേശമുള്ളത്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉന്നയിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു. 

ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. വനിതകള്‍ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ 15നു തന്നെ കേരളത്തിന് നിര്‍ദേശം അയച്ചതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.