പ്രതീകാത്മകചിത്രം | Photo: AP
ന്യൂഡല്‍ഹി: സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായി വിവരം. കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായാലുടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും രാജ്യത്ത് ആദ്യം വാക്‌സിന്‍ നല്‍കുകയെന്നാണ് സൂചന. രാജ്യത്തെ 20-25 ലക്ഷം പേര്‍ക്ക് ജൂലായോടെ കോവിഡ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവും ആദ്യം വാക്‌സിന്‍ നല്‍കുക.
രാജ്യം മുഴുവന്‍ ഇതുസംബന്ധിച്ച ഒരേ നയമാവും ഉണ്ടാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വെള്ളിയാഴ്ചയ്ക്കകം മുഴുവന്‍ ആരോഗ്യ പരവര്‍ത്തകരുടെയും വിവരങ്ങള്‍ കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവുംകൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കാനുള്ള ശേഷിയുള്ളത് ഇന്ത്യയ്ക്കാണ്. സ്വകാര്യ മേഖലയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി നിര്‍മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Centre seeks health workers' database for possible COVID 19 vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..