ന്യൂഡല്‍ഹി: രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവര്‍ക്ക് വേണ്ടിയുള്ള കൊളീജിയത്തിന്റെ നിര്‍ദേശമാണ് കേന്ദ്രം നിരാകരിച്ചത്. 

ഏപ്രില്‍ 12 നാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശക്കത്ത് നല്‍കിയത്. ശുപാർശ നിരാകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. 

യോഗ്യത, സീനിയോറിറ്റി, വിവിധ ഹൈക്കോടതികളിലെ പ്രവര്‍ത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവര്‍ക്കായുള്ള നിയമന നിര്‍ദേശം കൊളീജിയം മുന്നോട്ട് വെച്ചത്. 

കഴിഞ്ഞ കൊല്ലം ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതിയില്‍ നിയമിക്കണമെന്ന കൊളീജിയത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയിരുന്നു. സീനിയോറിറ്റി സംബന്ധിച്ച കാരണവും സുപ്രീം കോടതിയില്‍  കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാരുടെ പ്രാതിനിധ്യം ആവശ്യത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെഎം ജോസഫിനായുള്ള നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്. എന്നാല്‍ കൊളീജിയത്തിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

സുപ്രീംകോടതിയില്‍ 31 ജഡ്ജിമാരെ നിയമിക്കാം. നിലവിൽ 27 ജ‍ഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. 

 

Content Highlights: Centre Returns to Collegium 2 Names Recommended for Elevation as SC Judges