Photo: mathrubhumi
ന്യൂഡല്‍ഹി: അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ മടക്കിയതായി സൂചന നല്കി കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍. സുപ്രീംകോടതി കൊളീജിയം രണ്ടാമതും നല്കിയ ശുപാര്‍ശയാണ് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.എന്‍. കൃപാലിന്റെ മകന് സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയും മടക്കിയതായി റിപ്പോര്‍ട്ടുണ്ട്.
2021 സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം യോഗമാണ് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത ഉള്‍പ്പെടെ നാലുപേരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകന് ബസന്ത് ബാലാജിയെ ജഡ്ജിയായി നിയമിച്ചുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത, ശോഭ അന്നമ്മ ഈപ്പന് എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ നിയമ മന്ത്രാലയം മടക്കിയിരുന്നു.
2021 നവംബര്‍ പതിനൊന്നിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം യോഗം ഈ മൂന്ന് പേരുകളുമടങ്ങുന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇതില്‍ ശോഭ അന്നമ്മ ഈപ്പനെ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മറ്റ് രണ്ടുപേരെയും ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയത്തിന് മടക്കുകയായിരുന്നെന്ന് നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ പ്രതികരണം വ്യക്തമല്ല. അതേസമയം രണ്ടാംതവണ ശുപാര്‍ശ അയച്ചാല്‍ അത് അംഗീകരിക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയല്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കേരള ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകന് കെ.കെ. പോളിന്റെ പേര് രണ്ടാമതും അയച്ചപ്പോള്‍ മടക്കിയിരുന്നുവെന്നും നിയമ മന്ത്രാലയ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കൊളീജിയം രണ്ടാമതും അലഹബാദ് ഹൈക്കോടതിയിലേക്ക് നല്കിയ അഞ്ച് ശുപാര്‍ശകളും, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് നല്കിയ രണ്ട് ശുപാര്‍ശയും, ഡല്‍ഹി ഹൈക്കോടതിയിലേക്ക് നല്കിയ ഒരു ശുപാര്‍ശയും കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിട്ടുണ്ട്. ഇതില്‍ മുന്‍ ചീഫ് ജസ്റ്റിസ് ബി.എന്‍. കൃപാലിന്റെ മകന് സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയും ഉള്‍പ്പെടും. സ്വവര്‍ഗാനുരാഗിയായ സൗരഭ് കൃപാലിന്റെ പങ്കാളിയായ സ്വിസ് പൗരന് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ മടക്കിയത് എന്നാണ് സൂചന. ഇതിന് പുറമേ സുപ്രീംകോടതി കൊളീജിയം നല്കിയ പതിനൊന്ന് പുതുമുഖ ശുപാര്‍ശകളും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ 20 ശതമാനം കടന്നു; ഒരു വര്‍ഷമായി ശുപാര്‍ശ ഇല്ല.
രാജ്യത്ത് ഇരുപത് ശതമാനത്തിലധികം ജഡ്ജിമാരുടെ ഒഴിവുകളുള്ള ഹൈക്കോടതികളുടെ പട്ടികയിലാണ് കേരള ഹൈക്കോടതിയുമെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളാ ഹൈക്കോടതിയിലേക്ക് ജഡ്ജി നിയമനത്തിനുള്ള പുതിയ ശുപാര്‍ശകള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കേരള ഹൈക്കോടതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജഡ്ജിമാരുടെ എണ്ണം 47 ആണ്. ഇതില്‍ സ്ഥിരം ജഡ്ജിമാരുടെ അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണം മുപ്പത്തഞ്ചും അഡീഷണല്‍ ജഡ്ജിമാരുടെ എണ്ണം പന്ത്രണ്ടുമാണ്. നിലവില്‍ സ്ഥിരം ജഡ്ജിമാരുടെ എണ്ണം ഇരുപത്തെട്ടും അഡീഷണല്‍ ജഡ്ജിമാരുടെ എണ്ണം ഒന്പതുമാണ്. അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ കേരളാ ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ മടക്കിയതോടെ ജഡ്ജിമാരുടെ ഒഴിവുകളുടെ എണ്ണം പത്തായി ഉയര്‍ന്നു.
ഒഴിവുകളില്‍ ആറെണ്ണം ജില്ലാ ജഡ്ജിമാര്‍ക്കായി മാറ്റിവെച്ചിട്ടുള്ളവയാണ്. സാധാരണ ഗതിയില്‍ ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകാറില്ല. എന്നാല്‍ എന്തുകൊണ്ടാണ് ശുപാര്‍ശകള്‍ ലഭിക്കാത്തത് എന്ന കാര്യം വ്യക്തമല്ലെന്ന് നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: centre returned the recommendation to appoint judge in high court of kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..