ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡിനെതിരായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്നിന്റെ വില വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മരുന്നിന്റെ വില കുറച്ചുകൊണ്ട് രാസവള-രാസവസ്തു മന്ത്രാലയം ഉത്തരവിറക്കിയത്.

റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും അയച്ചുനല്‍കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ഇത് നിലവില്‍വരും.

ഇന്ത്യയില്‍ കോവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും  പ്രതിദിന രോഗബാധ രണ്ട് ലക്ഷം കടക്കുകയും ചെയ്തതോടെയാണ് റെംഡെസിവിറിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. മരുന്ന് പൂഴ്ത്തിവെപ്പ് നടത്തുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മരുന്ന് വില കുറയ്ക്കുന്നത് സംബന്ധിച്ച് മരുന്ന് കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നു. 

റെംഡെസിവിര്‍ കയറ്റുമതി ചെയ്യുന്നത് ഏപ്രില്‍ 11ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇന്ത്യയില്‍ ഏഴ് കമ്പനികളാണ് റെംഡെസിവിര്‍ ഉത്പാദിപ്പിക്കുന്നത്.

Remdesivir

Content Highlights: Centre reduces price of Remdesivir injections, Covid 19