ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. പ്രതി വിനയ് ശര്‍മ്മ നൽകിയ ദയാഹര്‍ജിയിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. നേരത്തെ ദയാഹര്‍ജി ലഭിച്ച വേളയില്‍ രാഷ്ട്രപതി ഡല്‍ഹിസര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും വിശദാംശങ്ങള്‍ തേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരിക്കുകയാണ്.

ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയിരിക്കുകയാണ്. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

അതേസമയം പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനില്‍ സംസാരിക്കവെ പറഞ്ഞു

content highlights: Centre Recommends To President Ramnath Kovind Rejecting Mercy Plea Of Nirbhaya Convict