ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനിടയില്‍ ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 

നേരത്തെ, ഒരു മാസം 20 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 37.50 കോടി ഡോസ് കോവിഷീല്‍ഡിനായി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ ഓഡര്‍ പ്രകാരമുള്ള വിതരണം സെപ്റ്റംബര്‍ പകുതിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

ഇതിനിടെ രാജ്യത്ത് ഇതുവരെയായി 72.37 കോടി (72,37,84,586) വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 67 ലക്ഷത്തിലധികം (67,58,491) ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് 9,19,04,711 ആദ്യ ഡോസ് വാക്‌സിനും 4,84,63,875 രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു. 45 - 59 പ്രായപരിധിയിലുള്ളവര്‍ക്ക് 14,12,24,670 ആദ്യ ഡോസ് വാക്‌സിനും 6,11,18,659 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

Vaccination Coverage
Photo: twitter.com/MoHFW_INDIA

ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചത്. തുടക്കത്തില്‍ വാക്‌സിന്‍ ലഭ്യത കുറവായിരുന്നു. കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് വി എത്തി. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സൈകോവ്ഡി എന്നീ വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. എന്നാലിവ വിപണിയില്‍ ലഭ്യമായിട്ടില്ല.

ജനുവരി 16-നുശേഷം 85 ദിവസംകൊണ്ടാണ് 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 20 കോടി കടക്കാന്‍ പിന്നീട് 45 ദിവസം വേണ്ടിവന്നു. ഓരോ പത്തുകോടി കടക്കാനുള്ള ദിവസങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നു. 60 കോടിയില്‍നിന്ന് 13 ദിവസംകൊണ്ടാണ് 70 കോടി പിന്നിട്ടത്.

Content Highlights: Centre Places Purchase Order For 66 Cr Covishield Doses With SII; To Be Supplied By December