ന്യൂഡല്‍ഹി: മെയ് 17-ന് അവസാനിക്കുന്ന കൊറോണ വൈറസ് ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ്സ് എംപി രാഹുല്‍ ഗാന്ധി. ''ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികള്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.'' രാഹുല്‍ വീഡിയോ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

"ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല. സ്വിച്ചിടുന്നതു പോലെ കാര്യങ്ങളാവാൻ ലോക്ക് ഡൗൺ താക്കോലല്ല. ഒരു പാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ മാനസിക പ്രയാസങ്ങളും ഉണ്ടാക്കും. സ്വിച്ചിടുന്നതും ഓഫാക്കുന്നതുപോലെയുമല്ല കാര്യങ്ങളെന്ന് സർക്കാരും മനസ്സിലാക്കേണ്ടതുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചില വിഭാഗക്കാര്‍ക്ക് ഈ രോഗം അപകടകരമാണ്. ഇത് വൃദ്ധര്‍ക്ക് അപകടകരമാണ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവര്‍ക്കും അപകടകരമാണ്.അല്ലാത്തവര്‍ക്ക് ഇത് അപകടകരമായ രോഗമല്ല. അതിനാല്‍ നാം ജനങ്ങളുടെ മനസ്സില്‍ ഒരു മാറ്റം വരുത്തണം. നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം  വളര്‍ത്തണം''.

വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

content highlights: centre needs to be transparent in Lock down opening says Rahul gandhi