ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദ്ദേശത്തിന് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കാബിനറ്റ് നോട്ടിന്റെ കരട് കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കി. വിദേശ നിക്ഷേപം അനുവദിക്കുന്നതിന് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. നീക്കത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ന്റെ സ്വകാര്യ വത്കരണത്തിന് വഴിയൊരുങ്ങും.

ബിപിസിഎല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് നീക്കം. കാബിനറ്റ് നോട്ടിന്റെ കരട് പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയത്തില്‍ പെട്രോളിയം - പ്രകൃതി വാതക രംഗവുമായി ബന്ധപ്പെട്ട ഒരു നിബന്ധനകൂടി വെക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ബിപിസിഎല്ലിന്റെ കാര്യത്തില്‍ ഖനന കമ്പനിയായ വേദാന്ത താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനത്തിന്റെ 52.98 ശതമാനം ഓഹരികളും വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതാണ് അത്. അപ്പോളോ ഗ്ലാബല്‍ മാനേജ്‌മെന്റ് അടക്കമുള്ളവയാണ് താത്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ള മറ്റുള്ളവര്‍. വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം കേന്ദ്ര വാണിജ്യ മന്ത്രാലയം നീക്കത്തിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം തേടും. നിലവില്‍ എണ്ണശുദ്ധീകരണ മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 49 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്.

 

Content Highlights: Centre moves cabinet note to seek 100% foreign investment in oil companies