ന്യൂഡൽഹി: കോവിഡ് 19 കേസുകളിൽ വർധന രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ അയയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഡൽഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കോവിഡിനെതിരായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഹരിയാണ, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ അയച്ചതിനു പിന്നാലെയാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ സർക്കാർ നീങ്ങുന്നത്. രോഗബാധ ഏറ്റവും രൂക്ഷമായ ജില്ലകളിൽ സന്ദർശനം നടത്തുകയും കണ്ടെയ്ൻമെന്റ്, നിരീക്ഷണം, പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ പിന്തുണ നൽകുകയുമാണ് കേന്ദ്രം നിയോഗിക്കുന്ന ഉന്നതതല സമിതിയുടെ ചുമതല.
ഇന്ത്യയിൽ രോഗബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. 17.63 ലക്ഷം കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവയാണ് രോഗബാധ രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ.
കോവിഡ് ബാധയുടെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇതുവരെ 1.32 ലക്ഷം പേർ മരിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും വ്യാപകമാക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
Content Highlights:After 4 States, Centre May Send Teams To Others To Check Covid Spread