ആലാപൻ ബന്ദോപാധ്യായ് | Photo - ANI
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കി. ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മതിയായ കാരണമില്ലാതെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തില്‍നിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിലാണിത്. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ആയിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം. ദേശീയ ദുരന്ത നിവാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് പ്രധാനമന്ത്രി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. യോഗത്തില്‍ പങ്കെടുക്കാനുള്ള ബാധ്യത ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് ഉണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് മൂന്ന് ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ദോപാധ്യായയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹം നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുറ്റക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കാം.
ഉത്തരവാദിത്വപ്പെട്ട വ്യക്തി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ദുരന്ത നിവാരണ നിയമ പ്രകാരം ഒരു ഉദ്യോഗസ്ഥനെ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചാല്‍ അദ്ദേഹം അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് മേലധികാരിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കുമെന്നും ദുരന്ത നിവാരണ നിയമത്തിലെ 56-ാം വകുപ്പും വ്യക്തമാക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..