ന്യൂഡൽഹി: വീടുകൾ തോറും കയറി ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നല്‍കുന്നതിനുള്ള സാധ്യത തളളി കേന്ദ്ര സർക്കാർ. അംഗീകരിച്ച കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.

മൊബൈൽ വാനുകൾ, മറ്റുവാഹനങ്ങൾ, റെയിൽവേ എന്നിവയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കോ, ദുർബല വിഭാഗക്കാർക്കോ അവരുടെ വീടുകൾക്ക് തൊട്ടടുത്തോ, വീടുകൾ കയറിയോ കുത്തിവെപ്പ് നൽകാനാവുമോ എന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. അപ്രകാരം ചെയ്യുകയാണെങ്കിൽ യാത്ര കുറയ്ക്കാമെന്നും, വൈറസ് ബാധ കുറയ്ക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യത്തിന് സ്ഥല സൗകര്യം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, ആവശ്യത്തിന് വാക്സിനേറ്റർമാർ, അവരെ സഹായിക്കുന്നിതിനാവശ്യമായ ജീവനക്കാർ, കുത്തിവെപ്പിനുശേഷം പ്രതികൂലസാഹചര്യങ്ങൾ നേരിടുകയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ എന്നിവയാണ് കോവിഡ് വാക്സിൻ കേന്ദ്രങ്ങൾക്ക് ആവശ്യമുളളത്.

അംഗീകരിക്കപ്പെട്ട വാക്സിൻ കേന്ദ്രങ്ങളിലല്ലെങ്കിൽ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ അത് സമയബന്ധിതമായി അഭിസംബോധന ചെയ്യുക ബുദ്ധിമുട്ടാണെന്ന് 218 പേജുളള സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. ആംബുലൻസുകൾ സമീപത്തുണ്ടെങ്കിലും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്താൻ താമസമുണ്ടായേക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.

30 മിനിട്ട് നേരത്തേക്ക് വാക്സിൻ സ്വീകരിച്ച വ്യക്തിയെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു വീട്ടിൽ മുപ്പതു മിനിട്ടിലധികം ചെലവഴിക്കുക എന്നുളളത് വാക്സിനേഷൻ ടീമിനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. അത് വാക്സിൻ യജ്ഞം വൈകിപ്പിക്കും. വാക്സിൻ പ്രത്യേക കാരിയറുകളിൽ സൂക്ഷിക്കേണ്ടതുണ്ട്, വീടുകൾ തോറും കയറി ഇറങ്ങുകയാണെങ്കിൽ അടിക്കടി ഇതുതുറക്കേണ്ടി വരുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ചിലപ്പോൾ ബാധിച്ചേക്കാം.

വീടുകൾ തോറും കയറിയിറങ്ങാന്‍ എടുക്കുന്ന സമയദൈർഘ്യം വാക്സിൻ പാഴാക്കലിലേക്കും വഴിതെളിച്ചേക്കാം. കാരണം ഒരു വയൽ തുറക്കുകയാണെങ്കിൽ അത് നാലുമണിക്കൂറിനുളളിൽ ഉപയോഗിച്ച് തീർക്കേണ്ടതുണ്ട്. ഇതിലെല്ലാമുപരി വിവിധയിടങ്ങളിൽ സഞ്ചരിച്ച് വാക്സിൻ വിതരണം നടത്തുന്നത് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായ ജീവനക്കാർക്ക് കോവിഡ് ബാധയേൽക്കുന്നതിന് കാരണമായേക്കാം.

ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ശ്മശാനത്തിൽ ജോലി ചെയ്യുന്നവരെ ഇതിനകം തന്നെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കാനുളള ഏർപ്പാട് ചെയ്തിട്ടുളളതായും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.

 

Content Highlights:Centre in SC rules out door to door COVID vaccination