ന്യൂഡല്‍ഹി: ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു.

അധികാരപരിധി ഉയര്‍ത്തിയതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ഉണ്ടായിരിക്കും. ഇതോടെ കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍ രംഗത്തുവന്നു. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരേയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ പ്രതികരിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇടപെടലാണെന്നും വിമര്‍ശനം ഉയര്‍ന്നു. 

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫര്‍ഹാദ് ഹക്കിം പറഞ്ഞു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അതില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

2014ല്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എഫിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചില പ്രത്യേക അധികാരം നല്‍കിയുരുന്നു. ഇത് 50 കിലോമീറ്ററായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയത്. അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്തും കള്ളക്കടത്തുമടക്കം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. 

ഗുജറാത്തിലല്‍ അതിര്‍ത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ അധികാരപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. മേഘാലയ, നാഗാലൻഡ്, മിസോറാം, ത്രിപുര, മണിപ്പുര്‍ സംസ്ഥാനങ്ങളിലാകട്ടെ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുമില്ല.

Content Highlights: Centre enhances powers of BSF,  Punjab and West Bengal slams move