ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നല്കി വരുന്ന പ്രത്യേക സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഖിലേഷിന് അനുവദിച്ചിരിക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ സുരക്ഷയാണ് കേന്ദ്രം പിന്‍വലിക്കുന്നത്.
കേന്ദ്ര സായുധ പോലീസ് സേനയുടെ കീഴില്‍ സുരക്ഷ നല്കി വരുന്ന പ്രമുഖരുടെ പട്ടികയുടെ പുനഃപരിശോധനയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്രം അഖിലേഷിന് നല്കി വരുന്ന സുരക്ഷ പൂര്‍ണമായും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഖിലേഷിനെ രാജ്യത്തെ പ്രമുഖരുടെ പട്ടികയില്‍ പെടുത്തി സുരക്ഷ നല്‍കിയത്. അത്യാധുനിക ആയുധങ്ങളുമായി ദേശീയസുരക്ഷാസേനയിലെ 22 പേരടങ്ങുന്ന സംഘമാണ് അഖിലേഷിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തിരിക്കുന്നത്. അഖിലേഷുള്പ്പെടെ ഒരു ഡസനോളം പ്രമുഖര്‍ക്ക് നല്കി വരുന്ന സുരക്ഷ ഉടനെ പിന്‍വലിക്കുമെന്ന് ഔദ്യോഗികസ്ഥിരീകരണമുണ്ട്.
അതേ സമയം അഖിലേഷിന്റെ പിതാവും സമാജ് വാദി നേതാവുമായ മുലായം സിങ് യാദവിന് ദേശീയ നല്കി വരുന്ന സുരക്ഷാസംവിധാനം തുടരും. .
Content Highlights: Centre Decides to Withdraw 'Black Cat' Commandos of Akhilesh Yadav