കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
'ആര്‍ക്കുമുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദര്‍ശത്തെയും, രാജ്യത്തിന് വേണ്ടിയുളള അദ്ദേഹത്തിന്റെ നിസ്വാര്‍ഥമായ സേവനത്തെയും ആദരിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും നേതാജിയുടെ ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.' പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.
'125-ാം ജന്മദിനത്തില്‍ നേതാജി രാജ്യത്തിന് വേണ്ടി ചെയ്ത നിസ്തുലമായ സേവനങ്ങളെ ജനങ്ങള്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു. 125-ാം ജന്മവാര്‍ഷികം ഉചിതമായ രീതിയില്‍ ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതയ്ക്ക് പ്രചോദനമേകുന്നതിന് വേണ്ടി എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിനമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.'
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനന്തരവന്‍ ചന്ദ്ര കുമാര്‍ ബോസ് സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ്‌പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കില്‍ അത് കുറേക്കൂടി ഉചിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
Content Highlights:Centre decides to celebrate the birthday of Netaji Subhas Chandra Bose as Parakram Divas