സുപ്രീം കോടതി| Photo: PTI
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾ അനുമതി നൽകാതെ സിബിഐയുടെ അധികാരപരിധി വികസിപ്പിച്ചുനൽകാൻ കേന്ദ്രസർക്കാരിന് സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഒരു അഴിമതി കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ബി.ആർ. ഗവായ് എന്നിവർ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡിഎസ്പിഇ) ആക്ട് പരാമർശിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
'നിയമപ്രകാരം, ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അനുമതി നിർബന്ധമാണ്. സംസ്ഥാനത്തിന്റെ അനുമതി കൂടാതെ കേന്ദ്രസർക്കാരിന് സിബിഐയുടെ അധികാരപരിധി വികസിപ്പിച്ചുനൽകാൻ കഴിയില്ല. ഭരണഘടനയുടെ ഫെഡറൽ ചട്ടക്കൂടുമായി ചേർന്നുനിൽക്കുന്നതാണ് ഈ നിയമം', സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന് സിബിഐയുടെ അധികാരപരിധി സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിച്ച് നൽകാൻ അധികാരമുണ്ടെങ്കിലും, സംസ്ഥാനം അതിന് അനുമതി നൽകാതെ അതിന് സാധിക്കില്ലെന്ന് ഡിഎസ്പിഇയുടെ ആറാം വകുപ്പ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. വ്യക്തമായും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായി കണക്കാക്കപ്പെടുന്ന ഫെഡറൽ ഘടനയുമായി ചേർന്നുപോകുന്നതാണ് ഈ വ്യവസ്ഥകളെന്നും കോടതി ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈക്കോടതി 2019ൽ പുറപ്പെടുവിച്ച വിധിയ്ക്കെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഉത്തർപ്രദേശിലെ ഫെർടികോ മാർക്കറ്റിങ് എന്ന കമ്പനിയ്ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. ഇതിൽ പ്രതിചേർക്കപ്പെട്ട രണ്ട് സർക്കാർ ഉദ്യോഗസ്ഥരാണ് സിബിഐ അന്വേഷണത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നേരത്തെ പൊതു അനുമതി നൽകിയിട്ടുണ്ടെന്നും ഈ അന്വേഷണത്തിന് അത് ബാധകമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു. ഇതിനെതിരായ അപ്പീൽ ആണ് സുപ്രീം കോടതിയിൽ എത്തിയത്.
ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തക്കതായ കാരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഡിഎസ്പിഇ) ആക്ട് പരാമർശിച്ചുകൊണ്ട് കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
Content Highlights:Centre Can't Extend CBI's Jurisdiction Without State's Consent: Top Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..