ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം തുടരുന്നതിനിടയിലാണ് പുതിയ നീക്കം.

" ഡല്‍ഹിയിലെ ഓരോ വീട്ടുകാര്‍ക്കും അവരുടെ പടിവാതില്‍ക്കല്‍ റേഷന്‍ വിതരണം ചെയ്യാനുള്ള ആഗ്രഹം ഡല്‍ഹി സര്‍ക്കാരിനുണ്ടായിരുന്നു. ഇത് 72 ലക്ഷം പേര്‍ക്ക് ഗുണകരമായുമായിരുന്നു. അടുത്തയാഴ്ച ഇത് നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു."- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി." മിസ്റ്റര്‍ പ്രധാന മന്ത്രി, കെജ്‌രിവാളിന്റെ 'ഘര്‍ ഘര്‍ റേഷന്‍ പദ്ധതി' നിര്‍ത്താന്‍ റേഷന്‍ മാഫിയയുമായി നിങ്ങള്‍ക്ക് എന്തുതരം ക്രമീകരണമാണുള്ളത്? - പാര്‍ട്ടി ട്വിറ്ററില്‍ ചോദിച്ചു. പിസയും ബര്‍ഗറും വസ്ത്രങ്ങളും സ്മാര്‍ട്ട് ഫോണും ഹോം ഡലിവറി നടത്തുമ്പോള്‍ പവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ഡെലിവറി അനുവദിക്കുന്നില്ലെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര ദരിദ്ര വിരുദ്ധനാകുന്നതെന്നും ആം ആദ്മി ചോദിച്ചു. 

ഈ വര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്കെതിരേ ആശങ്കകള്‍ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ ഇടയാക്കുമെന്നും പറഞ്ഞിരുന്നു. സബ്‌സിഡികള്‍ സ്വീകരിക്കുന്നവര്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെയും വാദം.

Content Highlights: Centre Blocks Delhi's Ration Home Delivery, Say AAP Government Sources