ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാനും പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ തട്ടിക്കൊണ്ടുപോകലും പശുക്കടത്തും ആരോപിച്ച് ജനക്കൂട്ടം ആക്രമണം നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

എസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാനാണ് നിര്‍ദേശം. ആള്‍ക്കൂട്ട ആക്രമണം തടയുകയും അന്വേഷണവും കോടതി നടപടികളും ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യം. ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ നിരീക്ഷിക്കുകയും വേണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യാഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് ജൂലൈ 17 ഉണ്ടായ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മോഷണം, പശുക്കടത്ത് തുടങ്ങി വിവിധ തരത്തിലുള്ള അഭ്യൂഹങ്ങളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നിയമനിര്‍മാണത്തിനായി പ്രത്യേക മന്ത്രിതല സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ സുഷമാ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരടങ്ങുന്നതാണ് മന്ത്രിതല സമിതി. ഈ സമിതിക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത തല സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Centre asks states to form task force, check mob lynching, mob attack