പ്രതീകാത്മക ചിത്രം | Photo: Reuters
ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്റെ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടംവഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികള്‍.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയായിരിക്കും വാക്‌സിന്‍ വിതരണം എന്നാണ് കണക്കാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്‌സിന്‍ നല്‍കുക. ഇത്തരം കാര്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ സമിതികള്‍ക്ക് രൂപംകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക തുടങ്ങിയവയെല്ലാം സമിതികളുടെ ഉത്തരവാദിത്തമായിരിക്കും.
Content Highlights: Centre Asks States To Form Committees For Smooth COVID-19 Vaccination Drive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..