ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്‌സിന്‍ മൂലം ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.
വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന വിധത്തില്‍ വാക്‌സിന്‍ വിതരണത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. വാക്‌സിന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകളും ആസൂത്രണവും കൂടുതല്‍ വികേന്ദ്രീകരിക്കുന്നതിനായി പ്രത്യേക ദൗത്യസംഘം (ബ്ലാക്ക് ടാസ്‌ക് ഫോഴ്‌സ്) രൂപവത്കരിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. വാക്‌സിന്‍ വിതരണം സംബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍, വാക്‌സിന്‍ വിവിധയിടങ്ങളില്‍ എത്തിക്കല്‍, മുന്‍ഗണനയനുസരിച്ചുള്ള വിതരണം, പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ തുടങ്ങിയ വിവിധ വശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.
Content Highlights: Centre Asks States to be Ready with Plan to Deal With Side-effects of Vaccine