ന്യൂഡല്‍ഹി: പാക് ഭീകരന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജയിലുകളില്‍ സിആര്‍പിഎഫിനെ വിന്യസിക്കണമെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനും അവലോകനം ചെയ്യാനും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ജയില്‍പുള്ളികളെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭീകരന്‍ തടവ് ചാടാനിടയായ സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരല മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പാക് ഭീകരനായ നവീദ് ജാട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷപ്പെട്ടത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സമയത്ത് ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. 

ആതീവ സുരക്ഷയില്‍ പാര്‍പ്പിക്കേണ്ട ഭീകരനെ എന്തിനാണ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതെന്ന് കേന്ദ്രം ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് കേന്ദ്രം പറയുന്നു . ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റ് കൊടുംഭീകരരെ ജമ്മു, ഉധംപുര, ലേ എന്നിവിടങ്ങളിലെ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന സാധ്യതയും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്. ശ്രീനഗര്‍ ജയിലില്‍ 16 പാക് ഭീകരരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ ഏഴുപേരെ ജമ്മുവിലേക്കും മറ്റുള്ളവരെ മറ്റ് ജയിലുകളിലേക്കും മാറ്റാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം കേന്ദ്രത്തിനോട് സിആര്‍പിഎഫ് സുരക്ഷ ജമ്മുകശ്മീര്‍ ആവശ്യപ്പെടും. ജയില്‍ പരിസരം മാത്രമല്ല സെന്‍ട്രല്‍ ജയിലിന്റെ മുഴുവന്‍ സുരക്ഷയും സിആര്‍പിഎഫിനെ ഏല്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നാണ് വിവരങ്ങള്‍.