ന്യൂഡല്‍ഹി: നിർമാണം ആരംഭിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മൂന്ന് തുരങ്കങ്ങള്‍ നിർമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് തുരങ്കങ്ങള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി തന്നെ നിര്‍മിക്കുന്ന പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളിലേക്കാണ്. ഒന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ചേംബറിലേക്കുമായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവിഐപികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും സുരക്ഷാ പ്രോട്ടോക്കോള്‍ യാതൊരു വിധത്തിലും തടസപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ ഭൂഗര്‍ഭ തുരങ്കപാതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാര്‍ലമെന്റിലേക്ക് സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന വിധമാണ് നിര്‍ദ്ദിഷ്ട സെന്‍ട്രല്‍ വിസ്ത പദ്ധതി. അതിനാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് സന്ദര്‍ശകരില്‍ നിന്ന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഭൂഗര്‍ഭ പാതയെന്നും അധികൃതര്‍ വ്യക്തമാക്കി. 

സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ വസതിയുടെയും പുതിയ പിഎം ഓഫീസിന്റെയും സ്ഥാനം സൗത്ത് ബ്ലോക്കിലാണ്. ഉപരാഷ്ട്രപതിയുടെ വസതി പാര്‍ലമെന്റിന്റെ വടക്ക് ഭാഗത്തും. പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മൂന്ന് കിലോ മീറ്ററുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റവുമുണ്ടാകും.

64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ലമെന്റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 2021 നവംബറോടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തികരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 2022 മാര്‍ച്ചോടെയും സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിന്റെ നിര്‍മാണം 2024 മാര്‍ച്ചോടെയും പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. 

content highlights: Central Vista Project: Tunnels to link Prime Minister, Vice President's homes to new Parliament