ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ 2000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. കോവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തില്‍ സെന്‍ട്രല്‍ വിവിസ്തയ്ക്കുവേണ്ടി വന്‍തുക ചെലവഴിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ വിസ്ത പദ്ധതി അത്യാവശ്യമല്ല, എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കേന്ദ്ര സര്‍ക്കാര്‍ അത്യാവശ്യമാണെന്നും രാഹുല്‍ പരിഹസിച്ചു. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത അടക്കമുള്ളവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനെ രാഹുല്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. കോവിഡ്, പരിശോധനയില്ല, വാക്സിനില്ല, ഓക്സിജനോ ഐസിയുവോ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു രാഹുലിന്റെ വിമര്‍ശം.
സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുവേണ്ടി ചെലവഴിക്കുന്ന പണം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനിടെ രാജ്യതലസ്ഥാനത്ത് പത്ത് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്തും നിര്‍മാണ തൊഴിലാളികളെ സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ നടക്കുന്ന സ്ഥലത്തെത്തിക്കാന്‍ 180 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഏപ്രില്‍ 16 നാണ് രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ നിലവില്‍വന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് അന്നുതന്നെ ഡല്‍ഹി പോലീസിന് കത്ത് നല്‍കിയിരുന്നു. പദ്ധതി 2021 നവംബര്‍ 31 ന് പൂര്‍ത്തിയാകേണ്ടതാണെന്നും സമയ ബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മൂന്ന് ഷിഫ്റ്റുകളായി ജോലി നടക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം, പുതിയ മന്ത്രാലയങ്ങള്‍, രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക ഔദ്യോഗിക വസതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
Content Highlights: Central Vista not essential, but government with a vision essential - Rahul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..