ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ വിറച്ചുനില്‍ക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. സെന്‍ട്രല്‍ വിസ്ത പദ്ധതിയെ കുറ്റകരമായ പാഴാക്കലാണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അഭിപ്രായപ്പെട്ടു. 

'സെന്‍ട്രല്‍ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്. നിങ്ങളുടെ അന്ധമായ പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന് ശ്രദ്ധ നല്‍കൂ' -രാഹുല്‍ ട്വീറ്റ് ചെയ്തു.  

പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ച് രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായുളള നിര്‍മാണ പ്രവര്‍ത്തനങ്ങളെ അവശ്യ സേവനങ്ങളുടെ പരിധിയില്‍ പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലവില്‍ ഡല്ഡഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും പദ്ധതിപ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

കോവിഡ് വ്യാപനത്തോടെ ആശുപത്രിക്ക് മുന്നില്‍ രോഗികളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുകയും കിടക്കകളുടെ കുറവും ഓക്‌സിജന്‍ ക്ഷാമമടക്കുളള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

ത്രികോണാകൃതിയിലുളള പാര്‍ലമെന്റ് മന്ദിരവും പൊതുകേന്ദ്ര സെക്രട്ടേറിയറ്റും ഉള്‍പ്പടെയുളള നവീകരണങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമുളള പുതിയ ഭവനങ്ങളും പദ്ധതിയുടെ ഭാഗമാണ്. 

Content Highlights:Central vista is criminal wastage tweets Rahul Gandhi