ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും രോഗം കണ്ടെത്തുന്നതില്‍ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ അലംഭാവം കാണിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമര്‍ശനമുള്ളത്. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നുള്ളതാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. രോഗം കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കോവിഡ് ഒന്നാംതരംഗത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സംവിധാനങ്ങള്‍ രണ്ടാംതരംഗത്തില്‍ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. ആര്‍.ടി.പി.സി.ആറിനെക്കാള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. മിക്കജില്ലകളിലും ആര്‍.ടി.പി.സി.ആര്‍. -റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗാര്‍ഹിക നിരീക്ഷണത്തില്‍ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. 

രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടന്നുവെന്ന് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. രോഗപ്രതിരോധ നടപടികള്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം, പിണറായി വിജയന് കത്തയച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പംതന്നെ കേരളത്തിന് രോഗപ്രതിരോധത്തിന് വേണ്ട എല്ലാവിധ സഹായവും പൂര്‍ണപിന്തുണയും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. 

ഒന്നാംതരംഗത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരും സംവിധാനങ്ങളും രണ്ടാംതരംഗത്തില്‍ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.  

content highlights: central team submits final report on kerala covid prevention