ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടതായി സൂചന. ഡല്‍ഹിയിലുള്ള ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.
എന്നാല്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് വ്യാഴാഴ്ച പറഞ്ഞത്. യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും എംഎല്‍എമാരും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച ബെംഗളൂരുവില്‍ എത്തുമെന്നും അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ് നേതൃമാറ്റം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അസംതൃപ്തരായ ഒരുകൂട്ടം നേതാക്കള്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഇതെന്ന് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണ്‍സിങ് ബെംഗളൂരുവില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയാലും കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ പരിഹാരമാകില്ല എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.
ബെംഗളൂരുവിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഡല്‍ഹിക്ക് മടങ്ങാനെ അരുണ്‍ സിങ്ങിന് കഴിയൂ. കര്‍ണാടകയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടാവും അദ്ദേഹം നല്‍കുക. എന്നാല്‍ കര്‍ണാടകയിലെ അസംതൃപ്തരായ നേതാക്കള്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അനിശ്ചിതത്വം തുടരുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പുതിയ നേതാവിനുെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും. കര്‍ണാടകത്തില്‍ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നും ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.
യെദ്യൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാരും മന്ത്രിമാരും ആവശ്യപ്പെടുന്നത്. അതിനിടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എംഎല്‍എയുമായ രേണുകാചാര്യ ബിജെപി നേതാക്കളുടെ പിന്തുണ എഴുതിവാങ്ങിയിരുന്നു. 65 എംഎല്‍എമാരാണ് ഇത്തരത്തില്‍ യെദ്യൂരപ്പയെ പിന്തുണച്ചുകൊണ്ട് കത്ത് നല്‍കിയത്. അതിനിടെ കാലാവധി പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍ അടക്കമുള്ളവര്‍ അടുത്തിടെ കേന്ദ്ര നേതൃത്വത്തെ കണ്ടതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ യെദ്യൂരപ്പയെ മാറ്റാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതിനിടെ വിമത സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രത്യേക സമിതിതന്നെ ബിജെപി രൂപവ്തകരിച്ചിരുന്നു. യെദ്യൂരപ്പയും സംസ്ഥാന ബിജെപി അധ്യക്ഷനും, നാല് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും, മൂന്ന് സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെട്ടതായിരുന്നു സമിതി.
Content Highlights: Central leadership had asked Karnataka CM to step down - Sources
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..