പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിന്റേയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കും.
മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് കോവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഡോസിന് 150 രൂപയ്ക്കാണ് വാങ്ങുന്നത്.
എന്നാല്‍ ജൂണ്‍ 21 മുതല്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ നയം മാറുകയാണ്. 18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരന്‍മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ വാങ്ങികൊണ്ടിരുന്ന വാക്‌സിനുകളും കേന്ദ്ര സര്‍ക്കാരിന് നേരിട്ട് വാങ്ങേണ്ടിവരും. ഇതാണ് സര്‍ക്കാരിനെ വില പുനര്‍നിര്‍ണയത്തിന് പ്രേരിപ്പിക്കുന്നത്.
25 കോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസും 19 കോടി കോവാക്‌സിനുമാണ് 150 രൂപ വെച്ച് കേന്ദ്രം കമ്പനികളില്‍ നിന്ന് ഇതുവരെ സംഭരിച്ചത്.
കോവാക്‌സിന്‍ 400 രൂപയ്ക്കും കോവിഷീല്‍ഡ് 300 രൂപയ്ക്കുമാണ് കമ്പനികള്‍ ഡോസിന് സംസ്ഥാനങ്ങളില്‍നിന്ന് ഈടാക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന് ഈടാക്കാവുന്ന പരമാവധി വില കേന്ദ്രം അടുത്തിടെ പുനര്‍നിര്‍ണയിച്ചിരുന്നു. 150 രൂപ സര്‍വീസ് ചാര്‍ജും അഞ്ചു ശതമാനം ജിഎസിടിയും ഉള്‍പ്പടെ കോവിഷീല്‍ഡിന് സ്വകാര്യ ആശുപത്രിക്ക് പരമാവധി ഈടാക്കാനാവുക ഡോസിന് 780 രൂപയാണ്. കോവാക്‌സിന് ഇത് 1410 രൂപയും സ്പുട്‌നിക് vക്ക് 1145 രൂപയുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..