ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ സഹായം ലഭ്യമാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 5000 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. 

രാജ്‌നാഥ് സിങിന് പുറമേ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്. 

കേരളത്തിന് നേരത്തേ അനുവദിച്ച 600 കോടി ഉള്‍പ്പെട്ടതാണ് സഹായം. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേരളത്തിന് 3048.39 കോടി രൂപ അനുവദിച്ചതിന് പുറമേ നാഗാലാന്‍ഡിന് 131.16 കോടി രൂപയും ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

Content Highlights: Central govt allocate Rs 3048.39 crore to Kerala disaster relief fund, Kerala Floods 2018