പ്രതീകാത്മകചിത്രം| Photo: ANI
ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.
കേരളത്തിന്റെ കോവിഡ് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല എന്ന കാര്യമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഏപ്രില്‍ 13-നു ശേഷം കഴിഞ്ഞ അഞ്ചുദിവസം കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നത്.
ഏപ്രില്‍ 13-നു ശേഷം ഇന്നാണ് കേരളം കണക്കുകള്‍ പുതുക്കിയത്. ഈ കണക്കുകള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് രാജ്യത്തെ കോവിഡ് കണക്കുകള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്നുള്ള ഈ കണക്കുകള്‍ കൂടി ചേര്‍ന്നു വരുമ്പോഴാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന ഉണ്ടായിരിക്കുന്നത്.
കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്ന് പുതുക്കിയതാണ് ഈ പ്രശ്‌നമുണ്ടാകാന്‍ കാരണമായതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാദിവസവും കോവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യകതയാണ് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: central government writes letter to kerala demanding daily updation of covid cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..