ചെന്നൈ:  കൊവിഡ് 19-ന്റെ മറവില്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടന തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. അഭിപ്രായപ്പെട്ടു. ''ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന നയം അംഗീകരിക്കാനാവില്ല.'' തന്റെ ലോക്സഭ മണ്ഡലമായ തൂത്തുക്കുടിയിലെ വീട്ടില്‍നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.

എന്താണ് ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്ക് സംഭവിക്കുന്നതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്?
തീര്‍ച്ചയായും. ഫെഡറലിസത്തെ അവഗണിച്ചുകൊണ്ട് ഒരു കേന്ദ്ര സര്‍ക്കാരിനും മുന്നോട്ടുപോവാനാവില്ല. ഏതു സര്‍ക്കാരായാലും അതിപ്പോള്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്നതായാലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതായാലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക തന്നെ വേണം. അടിത്തട്ടില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നത്  സംസ്ഥാനങ്ങളാണ്. പ്രാദേശിക തലത്തിലെ പ്രശ്നങ്ങള്‍ അവര്‍ക്കാണറിയുക. ഓരോ സംസ്ഥാനത്തിന്റെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഈ ലോക്ക്ഡൗണില്‍നിന്നുയരുന്ന ഏറ്റവും ഹൃദയഭേദകമായ കാഴ്ച കുടിയേറ്റ തൊഴിലാളികളുടെ യാതനയാണ്. താങ്കള്‍ക്ക്  എന്താണ് പറയാനുള്ളത്?
മനസ്സുലയ്ക്കുന്ന ദൃശ്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്നത്. നാലു മണിക്കൂര്‍ മാത്രം മുന്‍കൂര്‍ അറിയിപ്പ് നല്‍കി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വല്ലാത്ത ഭീതിയാണ് കുടിയേറ്റ തൊഴിലാളികളില്‍ സൃഷ്ടിച്ചത്. പല സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികളെ ആശ്വസിപ്പിക്കുന്നതിനും അവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നതിനും നടപടികളെടുത്തു. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇതില്‍ പങ്കാളികളായി. പക്ഷേ, ഭീതി ഇല്ലാതാക്കാനായില്ല. അതിന്റെ ഫലമായാണ് സ്വന്തം നാടുകളിലേക്കുള്ള അവരുടെ പലായനം തുടങ്ങിയത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.

ഒരൊറ്റ വ്യക്തിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ടാണോ ഇതു സംഭവിക്കുന്നത്? സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതില്ല എന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത് ഈ പരിസരത്തിലാണോ?
അധികാരത്തില്‍ ആരായാലും ഈ രീതിയിലല്ല ഇന്ത്യ ഭരിക്കേണ്ടത്. ഇങ്ങനെയല്ല ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോവേണ്ടത്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. പക്ഷേ, നമ്മുടെ പ്രശ്നങ്ങള്‍ പലതാണ്. അതു മനസ്സിലാവണമെങ്കില്‍ പ്രാദേശിക തലത്തിലുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുക തന്നെവേണം. പ്രാദേശിക തലത്തില്‍ ചെലവാക്കാനായി എം.പിമാര്‍ക്കുള്ള ഫണ്ട് റദ്ദാക്കിയതും തികഞ്ഞ സ്വേച്ഛാധിപത്യപരമായ നടപടിയാണ്. വാസ്വത്തില്‍ ഈ ഘട്ടത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.

2014-ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ താങ്കള്‍ രാജ്യസഭാ എം.പിയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദിയെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ താങ്കള്‍ക്കവസരമുണ്ടായിട്ടുണ്ട്. ഒരു നേതാവെന്ന നിലയില്‍ മോദിയുടെ പരിണാമം എങ്ങിനെ വിലയിരുത്തുന്നു?
ഒരു നേതാവിന്റെ പ്രവൃത്തികള്‍ വിലയിരുത്തേണ്ടത് ആ പ്രവൃത്തികള്‍കൊണ്ട് രാജ്യത്തിനെന്താണ് സംഭവിക്കുന്നതെന്ന്   അന്വേഷിച്ചുകൊണ്ടാണ്. ഒരു നേതാവ് മഹാനാകുന്നത് അദ്ദേഹം നയിക്കുന്ന രാജ്യം മഹത്വം കൈവരിക്കുമ്പോഴാണ്. മോദി ആരാണെന്നും എന്താണെന്നും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ നമ്മോട് പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിലയിരുത്തല്‍?
കൂടുതലും വായ്പകളാണ്. താഴെത്തട്ടിലുള്ളവരുടെ കൈയ്യിലേക്ക് നേരിട്ട് പണമെത്തിക്കണമെന്ന ആവശ്യമാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്നത്. ഡിമാന്റ് വര്‍ദ്ധിപ്പിക്കാന്‍ ഇതു കൂടിയേ തീരൂ. പക്ഷേ, ആ വഴിക്കുള്ള കാര്യമായൊരു ശ്രമവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.

അഭിജിത് ബാനര്‍ജി, പ്രഭാത് പട്നായിക്, രഘുറാം രാജന്‍ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞരെല്ലാവരും തന്നെ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു നേരെ കണ്ണടയ്ക്കുന്നത്?
ദുരിതമനുഭവിക്കുന്ന ജനങ്ങളെ കാണാന്‍ കേന്ദ്രസര്‍ക്കാരിന് ആവുന്നില്ല. അവരുടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ കേള്‍ക്കാനും ഭരണകൂടം തയ്യാറാവുന്നില്ല. തീര്‍ത്തും സങ്കടകരമായ സ്ഥിതിവിശേഷമാണിത്. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ കണ്ണുതുറന്ന് കാണാന്‍ സര്‍ക്കാരിനാവണം.

തമിഴ്നാട്ടിലെ അവസ്ഥ എങ്ങിനെയുണ്ട്?
വളരെ ദുഃഖകരമാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാരിനായില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയാണ് തമിഴ്നാട് സര്‍ക്കാര്‍ പിന്തുടരുന്നത്. പ്രതിപക്ഷത്തോട് ഒരു തരത്തിലുള്ള കൂടിയാലോചനയ്ക്കും എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ തയ്യാറല്ല. മുഖ്യമന്ത്രി ഇടപ്പാടി പഴനിസാമി തന്നിഷ്ടംപോലെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് നേരത്തെ തന്നെ അടച്ചിടാതിരുന്ന സര്‍ക്കാരിന്റെ പ്രവൃത്തിയാണ് കൊവിഡ് 19 വ്യാപനം വഷളാക്കിയത്. രണ്ടായിരത്തോളം പേര്‍ക്ക് ഇവിടെനിന്നാണ് രോഗം കിട്ടിയത്.

താങ്കളുടെ മണ്ഡലമായ തൂത്തുക്കുടിയില്‍ കാര്യങ്ങളെങ്ങിനെയുണ്ട്?
ചെന്നൈയെ അപേക്ഷിച്ച് ഇവിടെ കാര്യങ്ങള്‍ കുറച്ച് ഭേദമാണ്. കൊവിഡ് 19 ബാധിതരുടെ എണ്ണം കുറവാണ്. സാമൂഹിക വ്യാപനമുണ്ടായിട്ടില്ല. ജില്ലയ്ക്കുള്ളില്‍ കുറച്ചൊക്കെ സാധാരണ ജീവിതം സാദ്ധ്യമാവുന്നുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. കഴിയുന്നത്ര മുന്‍കരുതലുകളെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോവാനുളള ശ്രമമാണ് നടക്കുന്നത്. പ്രതിരോധ മരുന്ന് ഇനിയും കണ്ടുപിടിച്ചില്ലാത്തതിനാല്‍ വൈറസ് എപ്പോഴാണ് ഒഴിഞ്ഞുപോവുകയെന്ന് നമുക്കറിയില്ല.  സാധാരണ ജീവിതം തിരിച്ചുപിടിക്കുക എന്നത് അതുകൊണ്ട് തന്നെഎളുപ്പമല്ല. ചെറുകിട, ഇടത്തരം വ്യവസായശാലകള്‍ മിക്കവാറും സ്തംഭനാവസ്ഥയിലാണ്.

രാജ്യം ലോക്ക്ഡൗണിലായിട്ട് രണ്ടു മാസത്തോളമാവുന്നു. വ്യക്തിപരമായി ജീവിതം എങ്ങിനെയുണ്ട്?
ഇതുവരെ ചെയ്യാന്‍ പറ്റാതിരുന്ന പല കാര്യങ്ങള്‍ക്കും സമയം കിട്ടുന്നുണ്ട്. വീടിന്റെ പല ഭാഗങ്ങളും ശരിക്കൊന്നു വൃത്തിയാക്കാന്‍, അലമാരയില്‍ അലങ്കോലമായിക്കിടക്കുന്നതൊക്കെ ഒന്ന് നേരെയാക്കാന്‍, വായിക്കണമെന്നു കരുതിയിരുന്ന ചില പുസ്തകങ്ങള്‍ വായിക്കാന്‍- ഇതിനൊക്കെ സമയം കിട്ടുന്നുണ്ട്. പിന്നെ, ഇടയ്ക്കിടക്ക് ഞാന്‍ ചെന്നൈയില്‍നിന്നും റോഡ്മാര്‍ഗ്ഗം എന്റെ മണ്ഡലമായ തൂത്തുക്കുടിയിലേക്ക് പോവും. അവിടെ ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
ഡി.എം.കെയുടെ മഹിളാ വിഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ലോക്ക്ഡൗണില്‍ സംഭവിച്ച ഒരു കാര്യം കുടുംബങ്ങളില്‍ സത്രീ പീഡനം വര്‍ദ്ധിച്ചതാണ്. നിരവധി പരാതികളാണ് ഞങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്നത്. പീഡനത്തിനിരയാവുന്നവരുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമികമായും ചെയ്യുന്നത്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി കൊടുക്കണമെങ്കില്‍ അതിനവരെ സഹായിക്കും. ഈ പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ തനിച്ചാണ് എന്നവര്‍ക്ക് തോന്നരുത്.

തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കവിതകള്‍ താങ്കള്‍ ഒരു കാലത്ത് എഴുതിയിരുന്നു. ആ വഴിക്ക് ഒരു തിരിച്ചുപോക്ക് നടക്കുന്നുണ്ടോ?
അങ്ങിനെ പറയാനാവില്ല. ഒന്നു രണ്ട് കവിതകള്‍  എഴുതുന്നുണ്ട്. അവ ഇനിയും പൂര്‍ണ്ണമായിട്ടില്ല. എപ്പോള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

ഈ ഘട്ടത്തില്‍ ജനങ്ങളോട്, പൊതു സമൂഹത്തോട് എന്താണ് പറയാനുള്ളത്?
നമ്മള്‍ നമ്മളിലുള്ള വിശ്വാസം കളയരുത്. ഇതിനു മുമ്പും പല പ്രതിസന്ധികളും നമ്മള്‍ അതിജീവിച്ചിട്ടുണ്ട്. ഇതും നമ്മള്‍ മറികടക്കും. പക്ഷേ, ജനങ്ങളുടെ ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണകൂടം സുപ്രധാനമാണ്. 

Content Highlights: Central Government trying to ridicule the federal system of the country, says Kanimozhi