ന്യൂഡൽഹി: ചിന്തിക്കാവുന്നതിനും അപ്പുറം തടസ്സം ജനാധിപത്യ വ്യവസ്ഥക്ക് ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. സാങ്കേതിക രംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വന്‍ പുരോഗതി ആണ് സൃഷ്ടിക്കുന്നതെങ്കിലും ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും കാരണം വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍, നിയമ വിരുദ്ധവും ദേശ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നു എന്നും സുപ്രീം കോടതിയില്‍ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം ആധാറുമായി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ബന്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യപ്പെട്ട് ഫേസ്ബുക്ക് നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. 

ചിന്തിക്കാവുന്നതിനും അപ്പുറം തടസ്സം ആണ് ഇന്റര്‍നെറ്റ് ജനാധിപത്യ വ്യവസ്ഥക്ക്  സൃഷ്ടിക്കുന്നത് എന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പങ്കജ് കുമാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ സംരക്ഷിക്കാന്‍  ഫലപ്രദമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടതാണെന്നും സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം വിജ്ഞാപനം ചെയ്യാന്‍ മൂന്ന് മാസത്തെ സമയം കൂടി വേണം എന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാർ അഭ്യര്‍ത്ഥിച്ചു. പുതിയ നിയമം കൊണ്ട് വരുന്നതിന് മുന്നോടിയായി ആഭ്യന്തര, വാര്‍ത്ത വിനിമയ, ആരോഗ്യ, വാണിജ്യമന്ത്രാലയങ്ങളും ആയി ചര്‍ച്ച നടന്നു വരികയാണെന്നും കേന്ദ്രം അറിയിച്ചു. 

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യ തടയേണ്ടത് അനിവാര്യം ആണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൊണ്ട് വരണം. വ്യക്തികള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍, ട്രോളുകള്‍ എന്നിവ തടയാന്‍ അവര്‍ക്ക് പോംവഴി ഇല്ല. എന്നാല്‍ സര്‍ക്കാരിന് ഇവ തടയാന്‍ പല മാർഗ്ഗങ്ങളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

content highlights: Central government stand on internet