ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കേസില്‍ വക്കാലത്ത് ഇടുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ബി.വി. ബല്‍റാം ദാസ് സുപ്രീം കോടതിയെ അറിയിച്ചു.  ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറില്‍ ഇന്ന് സ്യൂട്ട് പരിഗണിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.  

2020 ജനുവരി 13-നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013-ലെ സുപ്രീം കോടതി ചട്ട പ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29-ന് സമന്‍സ് കൈമാറിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ വക്കാലത്ത് ഇട്ടില്ല. തുടര്‍ന്ന് ചേംബര്‍ സമന്‍സ് കൈമാറാന്‍ രജിസ്ട്രി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ചേംബര്‍ സമന്‍സിന്റെ നിയമ മന്ത്രാലയത്തിന് കൈമാറി. സ്യൂട്ടിന്റെ പകര്‍പ്പും ചേംബര്‍ സമന്‍സും ലഭിച്ചതായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ സ്യൂട്ടിലുള്ള നിലപാട് ഇനി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കും. സ്യൂട്ട് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടും കോടതിയെ അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം, അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് ഫയല്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കണം. നിയമം റദ്ദാക്കണം. പാസ്‌പോര്‍ട്ട് നിയമത്തിലെ 2015-ലെ ചട്ടങ്ങളും വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016-ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു കൊണ്ട് റദ്ദാക്കണം എന്നിവയാണ് സ്യൂട്ടിലെ പ്രധാന ആവശ്യങ്ങള്‍.

content highlights: central government of kerala's suit against caa