ചണ്ടീഗഡ്: പഞ്ചാബില്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) അധികാരപരിധി വിപുലീകരിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും. കേന്ദ്ര നീക്കത്തെ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റ ലംഘനമെന്നാണ്‌ ചന്നി വിശേഷിപ്പിച്ചത്. ഒരു സംസ്ഥാനത്തിനുള്ളില്‍ മറ്റൊരു സംസ്ഥാനം സൃഷ്ടിച്ച് കേന്ദ്രം രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് സിദ്ദുവും ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ഇതുവരെ ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് ചരണ്‍ജിത്ത് സിങ് ചന്നി ആരോപിച്ചു. തിങ്കളാഴ്ച ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി, ലോക് ഇന്‍സാഫ് പാര്‍ട്ടി തുടങ്ങി ബിജെപി ഒഴികെയുള്ള എല്ലാ സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ബിഎസ്എഫിന്റെ അധികാരപരിധി സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് നിരസിക്കുന്നതായി സര്‍വകക്ഷി യോഗത്തില്‍ പ്രമേയം പാസാക്കി. കേന്ദ്രം പ്രതികരിച്ചില്ലെങ്കില്‍ 10-15 ദിവസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന് ചന്നി അറിയിച്ചു. വിഷയത്തില്‍ തങ്ങളുടെ ആശങ്കകള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. നിയമസഭാ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിരസിക്കുന്ന പ്രമേയം വീണ്ടും പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസും ബിഎസ്എഫും തമ്മില്‍ ഏകോപനമുണ്ടാക്കുന്നതിന് പകരം കേന്ദ്രം സംസ്ഥാന പോലീസിനെ മാറ്റിസ്ഥാപിക്കുകയാണെന്നും സിദ്ദു ആരോപിച്ചു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാനത്തിന്റെ സമ്മതം എവിടെയെന്നും സിദ്ദു ചോദിച്ചു. കേന്ദ്ര സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും മുഖ്യമന്ത്രിമാരുടെ കൈകള്‍ കൂട്ടിക്കെട്ടുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും സിദ്ദു ആരോപിച്ചു.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും സിദ്ദു വിമര്‍ശിച്ചു. ആരാണ് കേന്ദ്രത്തിന്റെ താളത്തില്‍ നൃത്തം ചെയ്തതെന്നും ഇവിടെയുള്ള രാജ്യദ്രോഹി ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അമരീന്ദറിനെ ഉന്നംവെച്ച് സിദ്ദു പറഞ്ഞു.

അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഡ്രോണ്‍ എത്തുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം ബിഎസ്എഫിന്റെ അധികാരപരിധി ആഭ്യന്തര മന്ത്രാലയം വിപുലീകരിച്ചിരുന്നു. പാകിസ്താനുമായും ബംഗ്ലാദേശുമായും അന്താരാഷ്ട്ര അതിര്‍ത്തികള്‍ പങ്കിടുന്ന പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ളില്‍ 50 കിലോമീറ്റര്‍ പരിധിയില്‍ സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും തിരച്ചിലുകള്‍ നടത്താനും വസ്തുക്കള്‍ പിടിച്ചെടുക്കാനും സുരക്ഷാ സേനാംഗങ്ങള്‍ക്ക് ഇപ്പോഴുള്ള ഉത്തരവ് പ്രകാരം അധികാരമുണ്ട്. നേരത്തെ ഈ പരിധി 15 കിലോമീറ്ററായിരുന്നു. ഇതിനെതിരെയായിരുന്നു ചന്നിയുടെയും സിദ്ദുവിന്റെയും പ്രതികരണം

Content Highlights: Central Government is trying to break the federal system of the country says Sidhu on bsf issue